പറഞ്ഞാല്‍ പറഞ്ഞത് പോലെ അനുസരിക്കുന്ന മക്കള്‍ ഉണ്ടെങ്കില്‍ ഇതു അപ്പനും അമ്മയ്ക്കും സന്തോഷമാകും. (അല്ലേല്‍ അങ്ങനെ ഒരു തെറ്റിധാരണ നമ്മുടെ ഇടയില്‍ ഉണ്ട്). ജാതിയും മതവും ഒന്നും മനുഷ്യസ്നേഹത്തിനു തടസ്സമാകരുത് എന്ന് കരുതി ഏതോ അറിവുള്ളവന്‍ പറഞ്ഞത് അനുസരണയോടെ കേട്ട് വീട്ടില്‍ വന്നു പ്രായോഗികമാക്കിയ കഥ കേട്ടിട്ടുണ്ട്. എങ്ങനെ? പുള്ളിക്കാരന്‍ അപ്പന്‍ വെള്ളോം ചാണകോം സ്നേഹോം ആവശ്യതിലുമാധികം ഒഴിച്ച് വളര്‍ത്തിയ "ജാതി മരം" വെട്ടിയാണ് എന്ന് മാത്രം. ഇത് പറയാന്‍ കാരണം സാബു എന്നോട് പറഞ്ഞ ഒരു സംഭവം ആണ്. സ്ഥലം തെക്കേമല. കൃത്യമായി പറഞ്ഞാല്‍ അവിടുള്ള ഏക സ്കൂളിലെ ഒരു ക്ലാസ്സു മുറി. അവിടെ സാബുവും അത് പോലത്തെ മറ്റു കുറച്ചു താന്തോന്നികളായ കുട്ടികളും. അവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ആ നാട്ടുകാര്‍ തന്നെ.സാബുവിന്റെ മൂത്ത ചേട്ടന്‍ അവിടുത്തെ ഒരു "മാഷ്" ആണ്. ആ ഒരു ബുദ്ധിമുട്ട് സാബുവിന് നന്നായി ഉണ്ടായിരുന്നു. അത് കൊണ്ടാവണം മാഷ് താമസിയാതെ ജോലി വിട്ടത്. എന്തായാലും കൂട്ടത്തില്‍ ഉള്ള ഒരു സഹപാടി ഇത് പോലെ അനുസരണ ഉള്ളവന്‍ ആയിരുന്നു. എന്തോ തല്ലുകൊള്ളിത്തരം കാണിച്ചപ്പോള്‍ ടീച്ചര്‍ക്ക് ക്ഷമിക്കാനായില്ല. അരുമ ശിഷ്യനോട് പറഞ്ഞു അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന്. ടീച്ചര്‍ പറഞ്ഞത് അപ്പടി കേട്ടു അവന്‍. ഒട്ടും സമയം കളയാതെ അയല്‍വക്കത്തുള്ള ടീച്ചറുടെ വീട്ടില്‍ ചെന്ന്. അവിടെ പറമ്പില്‍ തിരക്കിട്ട് പണിയുന്ന ടീച്ചറുടെ അപ്പനോട് ശിഷ്യന്‍ പറഞ്ഞു. "ടീച്ചര്‍ പറഞ്ഞു വേഗം സ്കൂളിലേക്ക് ചെല്ലാന്‍". കേട്ടത് പാതി കേള്‍ക്കാത്തത് പാതി പാവം ആ മന്‍ഷ്യന്‍ ഉടുതുണി മാറാന്‍ പോലും നില്‍ക്കാതെ ഓടി കിതച്ചു സ്കൂളില്‍ എത്തി. എന്തോ അപായം സംഭവിച്ചതാണോ എന്ന് അപ്പന്‍ ഭയന്നു. ചെല്ലുമ്പം ദേണ്ടെ നമ്മുടെ മകന്‍-ടീച്ചര്‍ ചുളിവു പറ്റാത്ത കുപ്പായവുമിട്ട് നില്‍ക്കുന്നു. സാഹചര്യോം സമയോം നോക്കാതെ അപ്പന്‍ മകന് നല്ലത് പറഞ്ഞു.
ബാക്കി ശിഷ്യന് എന്ത് സംഭവിച്ചു എന്നത് ചോദ്യം!!!
അനുസരണയാണോ അനുസരണകേടാണോ കൂടുതല്‍ വിന എന്ന് ഇപ്പഴും എനിക്കറിയില്ല.
1 comments:
നല്ല ഒഴുക്കുള്ള ശൈലി.പോസ്റ്റ് അഗ്രിയിലൊന്നും കണ്ടില്ല?
Post a Comment