Feeds RSS
Feeds RSS

Friday, August 20, 2010

പേരിലെന്തിരിക്കുന്നു?



പേരിലെന്തിരിക്കുന്നു?
എല്ലാരും ചോദിക്കുന്ന ഒരു കാര്യമാണ് "പേരിലെന്തിരിക്കുന്നു" എന്ന്? ഞാന്‍ ഒന്ന് ചിന്തിച്ചോട്ടെ? സത്യം പറഞ്ഞാല്‍ പേരില്‍ ഒന്നുമില്ലേ? അതോ പേരില്‍ അല്ലെ എല്ലാം?

എന്റെ പേര് എനിക്കിടാന്‍ കഴിയുമാരുന്നേല്‍ സത്യമായും ഞാന്‍ വേറെ പേരെ ഇടു. ബീന-- എന്നാ പേര അത്?. പലരും ചോദിക്കും അതിന്റെ അര്‍ത്ഥം എന്തെന്ന്? ഞങ്ങള്‍ടെ നാട്ടില്‍ അതായതു കീരിക്കര- അറുപത്തിയാറ്- കുമളി ഏരിയയില്‍ എല്ലാരുടെയും വീട്ടില്‍ ഓരോ ബീന ഉണ്ട്. ആ കാലത്തെ ഒരു ട്രെന്‍ഡ് ആയിരിക്കണം. ബീന മാത്രമല്ല എന്റെ ചേട്ടന്മാരായ ബിനോയ്‌, ബിജു എന്നീ പേരുകളും ഒട്ടു മിക്ക എല്ലാ വീട്ടിലും ഉണ്ടാരുന്നു. ഈ പേരുകള്‍ ഇല്ലാത്ത വീടുകളില്‍ ഉറപ്പായും എന്റെ നല്ലപാതി സാബു വിന്റെ പേര് കാണും.

ഓര്മ വച്ചപ്പോള്‍ മുതല്‍ ഈ "ബീന" എന്നാ പേരിനോട് വല്യ താല്പര്യം ഇല്ലാഞ്ഞതിനാല്‍ ഞാന്‍ എനിക്ക് വേറെ പേരുകള്‍ ഇടാന്‍ തീരുമാനിച്ചിരുന്നു.(പിന്നെ ആ പേരിനോട് കുറച്ചെങ്കിലും കൂറ് ഉണ്ടെങ്കില്‍ അത് എന്റെ അപ്പന്‍ ഇട്ട പേരാണല്ലോ എന്നോര്‍ത്താണ്. അത് പേരിനോടുള്ള ഇഷ്ടമോ അപ്പനോടുള്ള സ്നേഹമോ എന്ന് അറിയില്ല) ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ സെലി ആന്റി ആണ് എനിക്ക് ഇഷ്ടമുള്ള പേര് ചോദിച്ചത്? അന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം മൈലാഞ്ചിയും മയില്‍പീലിയും ആയിരുന്നു. അത് കൊണ്ട് ഞാന്‍ എന്റെ പേര് "മൈലാഞ്ചി" എന്നിടാന്‍ തീരുമാനിച്ചു. നല്ല പേരല്ലേ? ഇപ്പഴും എനിക്ക് ഇഷ്ടമുള്ള പേരാണ് മൈലാഞ്ചി. പക്ഷെ അട്ടപ്പള്ളം സ്കൂളിന്റെ താഴെയുള്ള സെലിയന്റി പഠിക്കുന്ന കോളേജിലെ കുറച്ചു ചേച്ചിമാരും ചേട്ടന്മാരും (എല്ലാം സെലി ആന്റിയുടെ കൂട്ടുകാര്‍) എന്നെ കാണുമ്പൊള്‍ മൈലാഞ്ചി എന്നാ പേര് വിളിക്കുവേം ഒരു പന്തി കേടുള്ള ചിരി ചിരിക്കുവേം കൂടെ ചെയ്തപ്പോള്‍ എനിക്ക് തോന്നി ആ പേരില്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന്. ഇപ്പഴല്ലേ മനസ്സിലായത് അതില്‍ ഒരു കുഴപ്പോം ഇല്ല. അര്‍ത്ഥമില്ലാത്തതും കേട്ടുപരിചയമുള്ള പേരുകളും മാത്രം കേട്ടു ശീലിച്ച മനുഷര്‍ക്ക്‌ പതിവില്ലാത്ത എന്തേലും കേട്ടാല്‍ ദഹിക്കാന്‍ ഇച്ചിരി പാടാണ്. അതിന്റെ ഭാഗമായി ആയിരുന്നിരിക്കണം ആ ചിരീം പുകയും ഒക്കെ വന്നത്. എന്താണേലും കുറച്ചു നാളത്തേക്ക് പെരുമാറ്റം ഞാന്‍ നിറുത്തി വച്ച്. പകരം എന്റെ കൂട്ടുകാരും വീട്ടുകാരും പുതിയ പേരുകള്‍ ഇട്ടു കൊണ്ടിരുന്നു. പേരിടാന്‍ നല്ല കഴിവുള്ള ഒരു കുടുംബപാരമ്പര്യം എന്റെ അപ്പന്‍ വീട്ടുകര്‍ക്കുന്ടരുന്നു. (എന്റെ അപ്പന്‍ ജോസ് വൈദ്യന്‍ ഒഴികെ. പുള്ളി ഇക്കാര്യത്തില്‍ ഇച്ചിരി വീക്ക്‌ ആണ്). എന്റെ അര ടസനോളം ഉള്ള അപ്പന്റെ അനിയന്മാരും അനിയത്തിമാരും വഴക്ക് കൂടുമ്പോള്‍ വിളിക്കുന്ന പേരുകള്‍ ഒറ്റ വീട്ടിലും കാണില്ല. അങ്ങനാണ് സെലി എന്നാ എന്റെ ആന്റി സെലിച്ചിയും തൊലിചിയും ആയി രൂപാന്ധരപെട്ടത്. ജാനി കൂനിയായും വിന്നെന്റി കുന്ച്ചണ്ടി ആയി മാറിയതും അതിന്റെ ഭാഗം തന്നെ. അമേരിക്കയില്‍ വന്നതില്‍ പിന്നെ സാബുവും ഇതിനു പിന്നിലല്ല എന്ന് മനസ്സിലായി. അങ്ങനെ ആണ് ഞങ്ങള്‍ എപ്പഴും കാണുന്ന പേര് മറന്നു പോകുന്ന അയലോക്കക്കാര്ക്കൊക്കെ പേരിട്ടത്. തൊട്ടതിനും പിടിച്ചതിനും "സോറി' പറയുന്ന "മാപ്പുസാക്ഷി"യും ഒന്നുമല്ലാത്ത രീതിയില്‍ മുടി വെട്ടിയ സെലെസ്ടക്ക് "മരംകൊത്തി" എന്നും ഇപ്പം കണ്ടാലും ഓരോ കോപ്രായം കാണിക്കുന്നവന്‍ "മണകുണാഞന്‍" പിന്നെ നത്തോലി (എന്ത് കൊണ്ടെന്നു പറയേണ്ടല്ലോ?)



ചെറുപ്പത്തില്‍ ഒരു കാര്യവുമില്ലാതെ കീറുന്ന കാരണം (കരയുന്നതിന്റെ അപര നാമം) അച്ചച്ച ആണ് എനിക്ക് മീനാക്ഷി എന്ന് പേരിട്ടത്. ഉദ്ദേശം മറ്റൊന്നുമല്ല. എന്നെ കഴിയുന്നത്ര കരയിക്കുക അതിനെക്കാള്‍ കൂടതല്‍ ഇറിഡേറ്റ് ചെയ്യുക. പിന്നെ വലുതായപ്പോള്‍ സ്നേഹം കൂടുമ്പോള്‍ ആയി മീനാക്ഷിവിളി. പിന്നെ എപ്പഴോ അതെന്റെ പേരുമായി. ഇപ്പോള്‍ ഇഷ്ടമുള്ള മൈലാഞ്ചി പോലെ ഇഷ്ടമുള്ള ഒരു പേരാണ് മീനാക്ഷിയും. കൂട്ടുകാര്‍ വിളിച്ച ആയിരത്തൊന്നു പേരുകള്‍ ഇവിടെ എഴുതിയാല്‍ അതൊക്കെ എനിക്ക് തന്നെ വിനയാകും എന്നതിനാല്‍ ഞാന്‍ ഇവിടെ എഴുതുന്നില്ല.



ഇത് വായിച്ചു കഴിയുമ്പോള്‍ ആരൊക്കെ എനിക്ക് എന്തൊക്കെ പേരിടുമെന്നു അറിയില്ല. നാളെ ഞങ്ങള്‍ടെ കുഞ്ഞു ചെറുക്കന്‍ അവന്റെ പേരിനെ കുറിച്ച് എന്നെ എന്തൊക്കെ പറയും എന്നും അറിയില്ല. എന്താണേലും രണ്ടു കാര്യം ഉറപ്പാണ്‌. ഒന്ന്: പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നോരോര്ട് പേരില്‍ എന്താണ്ടൊക്കെ ഉണ്ട്. രണ്ടു: എനിക്കിപ്പളും ഏറ്റവും ഇഷ്ടമുള്ള പേര് "മീനാക്ഷി" തന്നെ.

Sunday, July 18, 2010

കാത്തിരുപ്പും തനിയാവര്‍ത്തനവും

 എന്നും ഞാന്‍ കാത്തിരുന്നു.
ചെറുപ്പക്കാലത്ത് ഒന്ന് വലുതാകാന്‍ കാത്തിരുന്നു. വലുതായപ്പോള്‍ ചെറുതായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.
ചെറുതായിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു വലിയവര്‍ക്കെന്തു സുഖം. ഒന്ന് അറിയേണ്ട. ആരും പറയുന്നത് അനുസരിക്കേം വേണ്ട. വലുതായപ്പോള്‍ എനിക്ക് തോന്നി ചെറുതായിരുന്നെങ്കില്‍  എന്ത് നന്നായിരുന്നു. ഇച്ചിരി അടീം വഴക്കും കിട്ടിയാലും കുറച്ചു അടിയും പിടിയും ഉണ്ടാക്കിയാലും ഒടുക്കം നല്ലത് ചെറുപ്പക്കാലം തന്നെ. ഒന്നും അറിയേണ്ടല്ലോ.

അവധികാലത്ത് സ്കൂള്‍ തുറക്കാന്‍ കാത്തിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ ഒന്ന് അവധി ആകാന്‍ കാത്തിരുന്നു. അവധികാലത്തെ കഥകള്‍ ഒക്കെ കൂട്ടുകാരെ അറിയിച്ചു, പുതിയ യൂനിഫോര്മിന്റെ മണവും ഒട്ടിപ്പോ സ്ടിക്കറിന്റെ പുതുമയും മാറിയപ്പോള്‍ ഹരം പിന്നെയും അവധിക്കാലത്തോടായിരുന്നു

നാടും ഊരും വിട്ട് ഒരു പ്രവാസ ജീവിതം. 
ചുറ്റും പച്ചപ്പാണ്. ഒന്നിനും  ഒരു കുറവുമില്ല.  ആഖോഷങ്ങള്‍ക്ക് ആഘോഷം.  എങ്ങു നോക്കിയാലും നല്ല പളപളപ്പ്.    
റോഡിലോട്ടു നോക്കിയാല്‍ ഒരു ഒച്ചയുമില്ലാതെ ഒഴുകി നീങ്ങുന്ന നൂറായിരം വണ്ടികള്‍. ഇത് പോലെ ഒരു വണ്ടി എന്നത് സ്വപ്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ എനിക്കറിയാവുന്നതും ഞാന്‍ സഞ്ചരിചിരുന്നതും ഒരേ വാഹനത്തില്‍. ബോര്‍ഡിംഗ് ജീവിതത്തിനു മുന്‍പ് സ്കൂളില്‍ പോയിരുന്നതും അതെ വാഹനത്തില്‍. "ബസ്‌" ആയിരുന്നു ഞങ്ങളുടെ ആ  വാഹനം. രണ്ടാം ക്ലാസ്സ്‌ വരെയുള്ള യാത്ര ഒരു സംഭവം ആയിരുന്നു. മിക്കവാറും പോക്ക് എന്റെ അച്ചാച്ചയുടെയും (ചേട്ടന്‍) കോളേജില്‍ പഠിക്കുന്ന  സെലിആന്റിയുടെയും കൂടെയായിരിക്കും. എന്നും വരുന്ന "മോര്‍ണിംഗ് സ്റ്റാര്‍" ഉം "ടിന്റു" വും ആയിരുന്നു ഞങ്ങള്‍ടെ യാത്ര സുഗമം ആക്കിയിരുന്നത്. വണ്ടിയുടെ ഹോര്ന്‍ അടി കേട്ടാലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആകൂ . ഓട്ടത്തിന് സ്പീഡ് പോരാത്തതിനാല്‍ ഒരു കൈയില്‍ അച്ചച്ചയും മറു കൈയില്‍ സെലിയാന്റിയും പിന്നെ ഏതോ കൈയില്‍ എന്റെ അലൂമിനിയം സ്കൂള്‍ പെട്ടിയും. (അത് ഏതു കയില്‍ എന്ന് ചോദിക്കരുത്‌.).  ആ ഓട്ടത്തില്‍ പലപ്പോഴും എന്റെ കാല്‍ നിലത്തു തോടാരുണ്ടയിരുന്നില്ല. .ഒരു എലിക്കു പോലും കയറാന്‍ സ്ഥലമില്ലാത്ത ആ ബസില്‍ "ഫുട് ബോള്‍" കളിയ്ക്കാന്‍ ഇടമുണ്ട് എന്ന് എന്നും കള്ളം പറഞ്ഞിരുന്നു ആ  "കിളി ചേട്ടന്‍" . എന്നേക്കാള്‍ വളരെ പൊക്കമുള്ള ആളുകളുടെ ഇടയില്‍ അങ്ങനെ ഒരിത്തിരി ശ്വാസം കിട്ടാന്‍ ഇടയ്ക്കിടയ്ക്ക് സീറ്റിന്റെ അരികിലുള്ള സൈടിലേക്കു തലയിടും. സ്കൂളില്‍ എത്തുമ്പോള്‍ ഒരു പരുവം ആയിട്ടുണ്ടാവും.  തിരിച്ചുള്ള യാത്രയും ഇതൊക്കെ തന്നെ. എന്തോ മൂന്നാം ക്ലാസ്സില്‍ എന്നെ സ്കൂള്‍ മാറിയത് ഈ യാത്ര സംഭവം ഓര്‍ത്താല്‍ നന്നായി എന്ന് തോന്നും. പിന്നെ ഓരോ കല്യാണങ്ങള്‍ക്ക് പോകുമ്പോഴേ കാര്‍ കാണാറുള്ളു. അന്നത്തെ അംബാസ്സടര്‍ കാര്‍ ഉള്ളവര്‍  ആയിരുന്നു എനിക്കറിയാവുന്ന "കാശുകാര്‍" . ഇന്ന് കാലം മാറിയപ്പോള്‍ കാക്കത്തൊള്ളായിരം കാറുകളില്‍ ഒന്നില്‍ ഏതോ കമാന്‍ഡ് ഫീഡ് ചെയ്ത കമ്പ്യൂട്ടര്‍ പോലെ നിര്‍വികാരയായി നീങ്ങുന്നു ഞാന്‍‍. ‍

ഇവിടെ എല്ലാവര്ക്കും പുഞ്ചിരിക്കുന്ന മുഖം ആണ്. ആദ്യമായി കണ്ടവര്‍ ആണെങ്കിലും "ഹൌ ആര്‍ യു?" എന്ന് ചോദിക്കുന്നു. പിന്നെ പിന്നെ ഈ തേച്ചു പിടിപ്പിച്ച പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ ഒരു തരം യാന്ത്രികത അനുഭവപ്പെട്ടു. വീഴുമ്പോള്‍ "അയ്യോ" എന്ന് കരയുന്ന പോലെ, തുമ്മുമ്പോള്‍ "ഈശോ" അല്ലേല്‍ "ബ്ലെസ് യു" എന്ന് അറിയാതെ പറയുന്ന പോലെ നിര്‍വികാരമായ ഒരു ഭാവം ആണ് ഈ കുശലാന്വേഷണങ്ങളും എന്ന് മനസ്സിലായി. അത് മനസ്സിലായപ്പോഴേക്കും അറിയാതെ ഞാനും അപരിചിത മുഖങ്ങളോട്  പറഞ്ഞു തുടങ്ങിയിരുന്നു "ഹൌ ആര്‍ യു?" എന്ന്.
 കുറെയേറെ ബന്ധുക്കള്‍ ഉള്ള നാട്ടില്‍ ഓരോ ഒത്തു കൂടലും ആഖോഷങ്ങള്‍ ആയിരുന്നു. ഓരോ ആന്റിമാരുടെയും അങ്കിള്‍ മാരുടെയും വീട്ടിലത്തെ എന്റെ ജീവിതത്തില്‍ എല്ലാം ഓര്‍മ്മിക്കാന്‍ നല്ല ഓര്‍മ്മകള്‍ മാത്രം.  സഹോദരങ്ങള്‍ തമ്മില്‍ ഉള്ള സ്നേഹം... അതിനു കാരിരുമ്പിനെക്കള്‍ ശക്തിയും മുല്ലപൂവിന്റെ ഉഷ്മളതയും ഉണ്ടായിരുന്നു.  അതിലൊന്നും ഒരു ചിരിക്കുന്ന  "ഹൌ ആര്‍ യു? വിന്റെ മുഖം മൂടി ഉണ്ടായിരുന്നില്ല.

എവിടെയും ഞാന്‍ കാത്തിരിക്കുന്നു. ഒരു തിരിച്ചു പോക്കിനായി.
ഇപ്പോള്‍ നാട് ആകെ മാറിയിരിക്കുന്നു. കാറുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല. പരിഷ്കാരങ്ങള്‍ വന്നെങ്കിലും നാടിന്റെ പച്ചയായ മനുഷന്റെ മണം ഇപ്പോഴും നാട്ടില്‍ ഉണ്ട് എന്ന തോന്നല്‍...  ബന്ധങ്ങള്‍ക്ക് കാലപഴക്കം കൊണ്ട് ഇഴയകലം വന്നിലെന്ന വിശ്വാസം. എന്നില്‍ ഇനിയും "ഞാന്‍" മിച്ചമുന്ടെന്ന തോന്നല്‍..

എന്നിലെ ജീവനെ ഈ യാന്ത്രികത അപഹരിചില്ലെങ്കില്‍ എനിക്കും ജീവിക്കണം. 
പച്ചമണ്ണിനെ മണവും ജൂണിലെ മഴയും വേനലവധി കാലത്തേ മാമ്പഴവും എനിക്ക് ഇനിയും ആസ്വദിക്കണം.
അതിനായി ഒരു കാത്തിരിപ്പാണിപ്പോള്‍.
ഇതിനൊരു തനിയാവര്‍ത്തനം ഉണ്ടാകാതിരിക്കട്ടെ.

Saturday, July 10, 2010

അനുസരണ

പറഞ്ഞാല്‍ പറഞ്ഞത് പോലെ അനുസരിക്കുന്ന മക്കള്‍ ഉണ്ടെങ്കില്‍ ഇതു അപ്പനും അമ്മയ്ക്കും സന്തോഷമാകും. (അല്ലേല്‍ അങ്ങനെ ഒരു തെറ്റിധാരണ നമ്മുടെ ഇടയില്‍ ഉണ്ട്). ജാതിയും മതവും ഒന്നും മനുഷ്യസ്നേഹത്തിനു തടസ്സമാകരുത് എന്ന് കരുതി ഏതോ അറിവുള്ളവന്‍ പറഞ്ഞത് അനുസരണയോടെ കേട്ട് വീട്ടില്‍ വന്നു പ്രായോഗികമാക്കിയ കഥ കേട്ടിട്ടുണ്ട്. എങ്ങനെ? പുള്ളിക്കാരന്‍ അപ്പന്‍ വെള്ളോം ചാണകോം സ്നേഹോം ആവശ്യതിലുമാധികം ഒഴിച്ച് വളര്‍ത്തിയ "ജാതി മരം" വെട്ടിയാണ് എന്ന് മാത്രം. ഇത് പറയാന്‍ കാരണം സാബു എന്നോട് പറഞ്ഞ ഒരു സംഭവം ആണ്. സ്ഥലം തെക്കേമല. കൃത്യമായി പറഞ്ഞാല്‍ അവിടുള്ള ഏക സ്കൂളിലെ ഒരു ക്ലാസ്സു മുറി. അവിടെ സാബുവും അത് പോലത്തെ മറ്റു കുറച്ചു താന്തോന്നികളായ കുട്ടികളും. അവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ആ നാട്ടുകാര്‍ തന്നെ.സാബുവിന്റെ മൂത്ത ചേട്ടന്‍ അവിടുത്തെ ഒരു "മാഷ്‌" ആണ്. ആ ഒരു ബുദ്ധിമുട്ട് സാബുവിന് നന്നായി ഉണ്ടായിരുന്നു. അത് കൊണ്ടാവണം മാഷ് താമസിയാതെ ജോലി വിട്ടത്. എന്തായാലും കൂട്ടത്തില്‍ ഉള്ള ഒരു സഹപാടി ഇത് പോലെ അനുസരണ ഉള്ളവന്‍ ആയിരുന്നു. എന്തോ തല്ലുകൊള്ളിത്തരം കാണിച്ചപ്പോള്‍ ടീച്ചര്‍ക്ക്‌ ക്ഷമിക്കാനായില്ല. അരുമ ശിഷ്യനോട് പറഞ്ഞു അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന്. ടീച്ചര്‍ പറഞ്ഞത് അപ്പടി കേട്ടു അവന്‍. ഒട്ടും സമയം കളയാതെ അയല്‍വക്കത്തുള്ള ടീച്ചറുടെ വീട്ടില്‍ ചെന്ന്. അവിടെ പറമ്പില്‍ തിരക്കിട്ട് പണിയുന്ന ടീച്ചറുടെ അപ്പനോട് ശിഷ്യന്‍ പറഞ്ഞു. "ടീച്ചര്‍ പറഞ്ഞു വേഗം സ്കൂളിലേക്ക് ചെല്ലാന്‍". കേട്ടത് പാതി കേള്‍ക്കാത്തത് പാതി പാവം ആ മന്‍ഷ്യന്‍ ഉടുതുണി മാറാന്‍ പോലും നില്‍ക്കാതെ ഓടി കിതച്ചു സ്കൂളില്‍ എത്തി. എന്തോ അപായം സംഭവിച്ചതാണോ എന്ന് അപ്പന്‍ ഭയന്നു. ചെല്ലുമ്പം ദേണ്ടെ നമ്മുടെ മകന്‍-ടീച്ചര്‍ ചുളിവു പറ്റാത്ത കുപ്പായവുമിട്ട് നില്‍ക്കുന്നു. സാഹചര്യോം സമയോം നോക്കാതെ അപ്പന്‍ മകന് നല്ലത് പറഞ്ഞു.
ബാക്കി ശിഷ്യന് എന്ത് സംഭവിച്ചു എന്നത് ചോദ്യം!!!

അനുസരണയാണോ അനുസരണകേടാണോ കൂടുതല്‍ വിന എന്ന് ഇപ്പഴും എനിക്കറിയില്ല.

Friday, June 11, 2010

കുറച്ചു അച്ചടിപിശകും പിന്നെ ഇച്ചിരി അക്ഷരതെറ്റും


സ്വന്തമായി ചിന്തികാനും പ്രവര്‍ത്തിക്കാനും കഴിയുക എന്നത് ഏതു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടെ ആണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മനുഷ്യവകാശത്തെയോ കൊച്ചി സ്മാര്‍ട്ട്‌ സിറ്റിയെ കുറിച്ച് തീരുമാനം എടുക്കാനുള്ള അവകാശത്തെകുറിച്ചോ ഒന്നും അല്ല ഞാന്‍ പറഞ്ഞത്. നമ്മുടെ കാര്യങ്ങള്‍ നമ്മുടെ ഭാഷയില്‍ ഒന്ന് ചിന്തിക്കാനും പറയാനും സാധിക്കുമ്പോള്‍ ഉള്ള ഒരു ആത്മസന്തോഷത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സത്യം പറയാമല്ലോ എനിക്ക് മാതൃഭാഷയായ മലയാളത്തോട് ഭയങ്കര സ്നേഹമുണ്ട്. എനിക്ക് മലയാളത്തിലേ ചിന്തിക്കാന്‍ അറിയൂ. മലയാളത്തിലെ പ്രേമിക്കാനും അറിയൂ. ഇംഗ്ലീഷില്‍ എഴുതാം എങ്കിലും അതിനു ഒരു സുഖം പോര. മലയാളം പുസ്തകങ്ങലേക്കാള്‍ ‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചാലും മനസ്സില്‍ അരച്ച് നീരാക്കി കുടിച്ച മലയാളം അങ്ങനെ കിടക്കും. ഇംഗ്ലീഷ് ബുക്ക്‌ വായിക്കുമ്പോള്‍ മുന്നില്‍ ഒരു പാറ്റ വീണാല്‍ " അയ്യോ കോക്ക് റോച്" എന്ന് കരയാതെ "അള്ളോ പാറ്റ" എന്ന് തന്നെ കരയാനും മനസ്സ് പഠിച്ചിരുന്നു. ഈയിടെ ഞാന്‍ ഒന്ന് നാട്ടില്‍ പോയി. നാട്ടിലെ "മുന്തിയ" സ്കൂളില്‍ പഠിക്കുന്ന ഒരു കൊച്ചുങ്ങളുടെ "ഏന്തിയ' രൂപം കണ്ടു. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന കാരണം മലയാളം ഇച്ചിരെ "വീക്ക്" ആണ്. എന്നാല്‍ ഇംഗ്ലീഷ്ഇല്‍ ‍ ഒട്ടു പറയാനും അറിയില്ല. അയലോക്കത്തെ നേര്‍സറിയില്‍ പഠിക്കുന്ന കൊച്ചു പറയുന്നു " ദേണ്ടെ നമ്മടെ ക്യാറ്റ്ഇനെ പിടിക്കാന്‍ ഡോഗ് വരുന്നേ . സ്ടിക് എടുത്തോണ്ട് വായോ" എന്ന്.

പണ്ട്‌ പറഞ്ഞ ബോര്‍ഡിംഗ് ജീവിത കാലത്ത്, ആ ചെറിയ ചാപ്പലില്‍ നിന്ന് ഞാന്‍ ഉറക്കെ ബൈബിള്‍ വായിച്ചു. സ്മശാനത്തെ അന്ന് "ശശ്മാനം" എന്ന് വായിച്ചപ്പോള്‍ പിറകിലത്തെ ലൈനില്‍ നിന്ന ചേച്ചിമാരും ടീച്ചര്‍മാരും വാ പൊത്തി ചിരിച്ചത് എന്തിനു എന്ന് മനസ്സിലായില്ല. ഞായറാഴ്ച വരുന്ന പത്രത്തിലെ "Phantom" എന്ന "ഫാന്റം" (അത് മലയാളത്തില്‍ ഇപ്പം എഴുതീട്ടും അവസാനത്തെ "റം" ഇന് ഒരു മാറ്റവുമില്ല) എനിക്ക് പ്രിയപെട്ടതായിരുന്നു. ഉറക്കെ "ഫാന്റം" വായിക്കുമ്പോള്‍ അപ്പുറത്തിരുന്നു "നവയുഗത്തിന്" കുത്തി കുറിച്ച് കൊണ്ടിരുന്ന ജെയിംസ്‌ അങ്കിള്‍ പൊട്ടി ചിരിച്ചുകൊണ്ട് എന്നെ വീണ്ടും വീണ്ടും ആ വാക്ക് ആവര്‍ത്തിച്ചു വായിപ്പിച്ചത് എന്തിനു എന്ന് ഒരു രണ്ടു മൂന്ന് വര്‍ഷമേലും എനിക്ക് പിടി കിട്ടിയില്ല. ഇങ്ങനെ ഒക്കെ ചില അല്ലറ ചില്ലറ തെറ്റുകള്‍ വരുത്തിയിരുന്നെകിലും ഞാന്‍ മിടുക്കി ആയിരുന്നു. അതിനു കാരണം ഒരു പക്ഷെ " ത- വ-ള" കൂട്ടി വായിപ്പിക്കുമ്പോള്‍ "തറ'' എന്ന് കൂട്ടി വായിക്കുന്ന അനിയനും "പതിമുഖം പൊടി" യെ "പുതിയ മുഖം പേടി" എന്ന് വായിക്കുന്ന അനിയത്തിയും ഉള്ളത് കൊണ്ടാവാം. അതില്‍ എനിക്ക് ലേശം പോലും അഹങ്കാരം ഇല്ല കേട്ടോ. കാരണം ചെറുപ്പത്തില്‍ തന്നെ സരസമ്മ മിസ്സിനോപ്പം മായാവിയും ഡിങ്കനും ശിക്കാരി ശംഭുവും എല്ലാരും തന്നെ എന്നെ ആത്മാര്‍ഥമായി മലയാളം പഠിപ്പിക്കാന്‍ സഹകരിച്ചിരുന്നു. ഇന്ന് മലയാളത്തില്‍ അത്ര കടും കട്ടിയായി സംസാരിക്കാനൊന്നും എനിക്കറിയില്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എന്നോട് പറഞ്ഞു " ആശയം നിഷ്പക്ഷവും ഉദേശം ജീവസുട്ടതും ആകുമ്പോള്‍ തര്‍ജമകളില്‍ നാം നഷ്ടപെടുത്തിയ കാര്യങ്ങള്‍ക്ക് മേല്‍ എന്തിനീ സ്പര്‍ധ?" എന്ന്. സത്യം പറയാമല്ലോ ഇപ്പഴും എനിക്ക് അറിയില്ല പുള്ളി ഉദ്ദേശിച്ചത് എന്താണെന്ന്‌. എങ്കിലും വാക്യത്തിനോടുവില്‍ ഒരു ചോദ്യ ചിന്ഹമായതിനാല്‍ അതിനു ഉത്തരം പറയാത്തിടത്തോളം കാലം എനിക്ക് - നിഷ്പക്ഷ-തര്‍ജമ-സ്പര്‍ധ എന്താണെന്ന്‌ മനസ്സിലായില്ലെന്ന് എനിക്ക് മാത്രമല്ലെ അറിയൂ?


അതെ. ഞാന്‍ പറഞ്ഞു വന്നത് ഇതൊക്കെ തന്നെ. ഇപ്പഴത്തെ പിള്ളേര്‍ മംഗ്ലീഷില്‍ ആണ് ഇപ്പം ചിന്തിക്കുന്നത്. വര്‍ത്താനം പറയുന്നതും ആ ഭാഷയില്‍ തന്നെ. മലയാളം ഒട്ടു അറിയത്തുമില്ല ഇംഗ്ലീഷ് ഒട്ടു വഴങ്ങത്തുമില്ല. കൂടെ വളര്‍ന്നു വരുന്ന സമപ്രായക്കാരും മംഗ്ലീഷില്‍ തന്നെ സംസാരിക്കുന്ന കാരണം വല്യ ബുദ്ധിമുട്ടൊന്നും വരാനിടയില്ല. മലയാള ഭാഷയെ കഴുത്ത്‌ ഞെരിച്ചു ചോരയും മജ്ജയും അരച്ച് കുഴാമ്പാക്കഉന്നത് കണ്ടിട്ടും എന്തോ എനിക്ക് ഒരു കുറ്റബോധവുമില്ലേ? (എന്നോട് തന്നെ ചോദിച്ചതാണേ!!)


മലയാള ഭാഷക്ക് ഇങ്ങനെ അംഗ വൈകല്യം സംഭവിക്കാന്‍ ഞാനും ഒരു കാരണക്കാരി തന്നെ ആണ്. "അമ്മീ, (അമ്മയും മമ്മിയും കൂട്ടി എന്റെ രണ്ടു വയസ്സ് തികയാത്ത മകന്‍ എനിക്കിട്ട പേര്) അമ്മീ വാക്കിംഗ് പോകാം. ഞാന്‍ റണ്‍ ചെയ്യില്ല അമ്മീ. ഉടുപ്പ് ടര്‍ട്ടി ആക്കില്ല അമ്മീ" എന്ന് പറയുമ്പോള്‍ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് "കര്ത്താവേ, ഇവന്‍ മലയാളം പറയുന്നുണ്ടല്ലോ എന്നാണ്.

Wednesday, June 9, 2010

ഔട്ട്‌ ഓഫ് സില്ലബസ്

അങ്ങനിരിക്കുമ്പോള്‍  അതിലെയോ ഇതിലെയോ ഒരാള്‍ പോയാല്‍ അറിയാതെ ഒന്ന് കമന്റ് അടിക്കുന്നത് ഓരോരുത്തരുടെ ജന്മ സ്വഭാവം ആണ്.സത്യം പറയാല്ലോ ആ സ്വഭാവം കുറെയൊക്കെ എനിക്കും ഉണ്ട്.. പ്രത്യേകിച്ച് നമുക്ക് അറിയാവുന്ന ഒരു കമ്പനിയുടെ സാനിധ്യത്തിലാണേല്‍ പറയുകേം വേണ്ട.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഒരു സംഭവം നടന്നത്.സ്കൂളിന്റെ അന്തരീക്ഷം മാറി നല്ല സ്വാതന്ത്രത്തിന്റെ കാറ്റടിച്ചു തുടങ്ങിയ കാലം. "റോയല്‍ സിക്സ്" എന്ന പേരില്‍ ഞങ്ങള്‍ ആറു പേര് വിലസി നടക്കുന്നു.സൌദിയില്‍ നേഴ്സായി ജോലിയുള്ള കിറ്റ്‌ കാറ്റ് കൊണ്ടൂരുന്ന അമ്മയുള്ള ബ്ലെസി".ദുബായില്‍ പഠിച്ചതിനാല്‍  ഇംഗ്ലീഷും  ഹിന്ദിയും  ഒരു പോലെ കാസര്ത്തുന്ന "ലീ-ആന്‍" മലയാളത്തില്‍ ഇച്ചിരി വീക്ക്‌ ആണ്. ബ്രാഹ്മിണ കുടുംബത്തില്‍ ജനിച്ചു നരഭോജികളായ മറ്റു അഞ്ചു പേരെയും സഹിക്കുന്ന പാട്ട് പാടുന്ന "രേഷ്മ". കമ്പ്യൂട്ടര്‍ ബുദ്ധിയുള്ള "ധന്യ". ലോകം തിരിഞ്ഞു മറിഞ്ഞാലും സാരമില്ല, എനിക്കെന്റെ "മില്കി ബാര്‍" ആണേ പ്രധാനം എന്ന ധാരണയില്‍ ജീവിക്കുന്ന നിരുപദ്രവകാരിയായ പള്ളി പാട്ടുകാരി "ശുഭ", പിന്നെ "ഷാരൂഖ്‌ ഖാനെ മാത്രം ധ്യാനിച്ച് ജീവിക്കുന്ന ഈ ഞാനും. സെക്കന്റ്‌ ഇയര്‍ ആയപ്പോള്‍ ഞങ്ങളെ വെല്ലാന്‍ ആരും ഇല്ല എന്ന തോന്നലിലാണ് ജീവിതം.ഫസ്റ്റ് ഇയര്‍ കുഞ്ഞുങ്ങള്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒക്കെ വല്യ ചേച്ചിമാര്‍ ആയതിന്റെ "അഹങ്കാരത്തില്‍" ആണ്‍. ഞങ്ങളെ റാഗ് ചെയ്ത പോലെ (വളരെ നിരുപദ്രവകരമായ റാഗ്ഗിംഗ്) ഞങ്ങളും എന്തൊക്കെയോ ചെയ്തു കൂട്ടി ഞങ്ങളുടെ സ്ഥാനവും ഉറപ്പാക്കുന്ന കാലം.ഫസ്റ്റ് ഇയര്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന ബസ്കെറ്റ് ബോള്‍ കളിക്കുന്ന ഒരു "റിയ" ഉണ്ട്. നല്ല ഒത്ത പൊക്കം. കാണാനും മിടുക്കിയാണ്. പണ്ടേ എന്നെ വല്ലാതെ അലട്ടിയിരുന്ന "ജീവിത പ്രശ്നം" ആയിരുന്നു പൊക്കമില്ലായ്മ. അത് കൊണ്ട് പൊക്കമുള്ളവരോട്  എനിക്ക് ഇച്ചിരി അസൂയ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കില്ല.തറവാട്ട്‌ വീട്ടില്‍ എല്ലാര്ക്കും നല്ല പൊക്കം ആണ്.(എനിക്കൊഴികെ). കുഞ്ഞായിരുന്നപ്പോള്‍ എന്റെ സെലിയാന്ടി പറയുമായിരുന്നു എന്നെ മാത്രം ചക്കക്കുരു വാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നും വരുന്ന "ചക്കക്കുരു പാട്ടി"യില്‍ നിന്നും വാങ്ങിയതാണെന്ന്.വിശ്വസിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.കാരണം എന്റെയും  എണ്ണ തേക്കാതെ വന്നിരുന്ന "പാട്ടി"യുടെയും മുടിക്ക് ഒരേ നിറം ആയിരുന്നു.ചെമ്പു കമ്പിയുടെ സ്വര്‍ണ നിറമുള്ള എന്റെ മുടി അമ്മച്ചിയുടെ കാച്ചിയ എണ്ണക്ക് പോലും ഒരു മാറ്റവും വരുത്താനായില്ല.ഓരോ അവധിക്കും വരുമ്പോള്‍ ലീലാന്ടി എന്നെയും എന്നേക്കാള്‍ ഇളപ്പമായ ചിക്കുവിനെയും ബിബിനെയും ചേര്‍ത്ത് നിറുത്തി പൊക്കം താരതമ്യം ചെയ്യുന്നത് എന്റെ "കോമ്പ്ലെക്സ്" വളമിട്ടു വളര്‍ത്തി കൊണ്ടിരുന്നു. ഓരോ അവധിക്കും അവര്‍ വളരുകയും ഞാന്‍ അങ്ങനെ തന്നെ മുരടിച്ചു നില്‍ക്കുകയും ചെയ്തു.അങ്ങനെ എന്റെ പൊക്കകുറവു എന്നെ പിന്നെയും ചെറുതാക്കുന്ന കാലം.ഞങ്ങള്‍ ആറു പേരും രണ്ടാം നിലയിലുള്ള വരന്ധയില്‍ നില്‍ക്കുന്നു.ഞങ്ങളില്‍ ആരുടെയോ പേന സൈഡില്‍ ഉള്ള പാരപെറ്റില്‍ വീണു.അത് കൈ കൊണ്ട് എടുക്കാന്‍ കഴിയുന്ന ദൂരത്തില്‍ ആയിരുന്നില്ല.അപ്പോളാണ് കണ്ടത് റിയയും കൂട്ടുകാരും താഴെ മുറ്റത്തുകൂടെ പോകുന്നു.പൊക്കം കൂടുതല്‍ ഉണ്ട് എന്ന തോന്നല്‍ കാരണമായിരിക്കും സ്വല്‍പ്പം കൂനിയാണ് നടക്കുന്നത്."ചേച്ചിത്തം" തെളിയിക്കാന്‍ പറ്റിയ അവസരം.തലച്ചോറും ഹൃദയവും തമ്മിലുള്ള കണക്ഷന്‍ വിട്ടു കിടക്കുന്ന ഞാന്‍ ഉറക്കെ പറഞ്ഞു. "റിയ, ആ പേന ഒന്ന് എടുക്കാമോ?". എന്റെ കൂടെയുള്ള സുഹൃത്തുക്കള്‍ ഉറക്കെ ചിരിച്ചു. ഞങ്ങളെ ഒന്ന് ദയനീയമായി നോക്കി റിയ അങ്ങ് നടന്നു. അപ്പോഴാണ് എം. എസീക്ക് പഠിക്കുന്ന എലിസബത്ത് ചേച്ചി അതിലെ നടന്നു പോയത്. ചേച്ചിക്ക് എന്നെ വല്യ കാര്യം ആയിരുന്നു. എന്തോ മഹാകാര്യം ചെയ്ത സന്തോഷത്തില്‍ നില്‍ക്കുന്ന എന്നെ ചേച്ചി ചേച്ചിയുടെ റൂമിലേക്ക്‌ കൊണ്ട് പോയി.എന്നിട്ട് എന്നോട് പറഞ്ഞു "മറ്റുള്ളവരുടെ കുറവുകളെ വച്ച് കളിയാക്കുന്നത് വല്യ കാര്യമല്ലെന്ന്".ഇത് കേട്ട ഞാന്‍ ഒന്നുടെ ചെറുതായ പോലെ തോന്നി.

വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞു.പ്രീഡിഗ്രി കഴിഞ്ഞു റിയയെ ഞാന്‍ കണ്ടിട്ടില്ല.ഈ സംഭവം റിയ ഓര്‍ക്കുന്നുണ്ടോ എന്നും അറിയില്ല.എങ്കിലും ഈ ബ്ലോഗ്‌ എന്നെങ്കിലും വായിച്ചെങ്കില്‍ ഈ ചേച്ചിയോട് ക്ഷമിക്കുക.വളരെ അധികം ആളുകള്‍ എന്നെ വളരെയേറെ ഉപദേശിച്ചിട്ടുണ്ട്.ഞാന്‍ നന്നാകട്ടെ എന്ന ഉദേശത്തോടെ ചെയ്യുന്ന ഉപദ്രവം ആയിരിക്കാം.എന്തായാലും അതില്‍ ഒന്നും തന്നെ എനിക്കോര്‍മയില്ല. ഞാന്‍ നന്നായുമില്ല.പക്ഷെ എലിസബത്ത് ചേച്ചി പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുഅതിനു ചേച്ചിയോട് നന്ദി ഉണ്ട്.

ആ കോളേജ് ഹോസ്റ്റല്‍ വരാന്തകള്‍ക്ക് ഇത് പോലത്തെ ധാരാളം കഥകള്‍ പറയാന്‍ ഉണ്ടാകും.അതില്‍ ഒന്ന് മാത്രം ആണ് ബീനയുടെ ഈ മാനസാന്തരകഥ.

Monday, June 7, 2010

പള്ളീന്ന് ഒരു എത്തിനോട്ടം

ഞായറാഴ്ച ഇവിടുത്തെ പള്ളീല്‍ പോയപ്പം ഓരോ സായിപ്പന്മാരടെയും മദാമ്മമാരുടെയും രീതികള്‍ കണ്ടപ്പോള്‍ എനിക്ക് വയ്യാണ്ട് കിടക്കുന്ന അമ്മച്ചിയെ ആണ് ഓര്മ  വന്നത്.അമ്മച്ചി എന്ന് പറഞ്ഞാല്‍ എന്റെ അപ്പന്റെ അമ്മ) നല്ല ബര്‍ഗുണ്ടി വൈന്‍ കളറിലുള്ള മുടിയുള്ള ഒരു പെങ്കൊച് ചൂയിംഗ് ഗം ചവചോന്ടു ഓസ്തി വാങ്ങാന്‍ പോകുന്നു. കുര്‍ബാന സ്വീകരിക്കണമെങ്കില്‍ നാക്ക് വടിക്കാതെ പള്ളീല്‍ പോകാന്‍ സമ്മതിക്കാത്ത അമ്മച്ചി ഇത് കണ്ടാല്‍ അവള്‍ക്കു വേണ്ടി ഒരു അന്പത്തി മൂന്നു മണി ജപമേലും ചൊല്ലുമെന്നതു ഉറപ്പു.

പണ്ട്.. പണ്ട് എന്ന് പറഞ്ഞാല്‍.. ഒത്തിരി പണ്ട്. ജീവിതത്തിലെ ആകെയുള്ള വിഷമം കണക്കിലെ മല്ട്ടിപ്ലികെഷന്‍ ടേബിള്‍ പഠിക്കാന്‍ എങ്ങനെ പഠിക്കും എന്നത് മാത്രമുള്ള സമയം.അമ്മച്ചിയും ഒരു ടസനില്‍ കുറയാതെ മക്കളും കൊച്ചു മക്കളും ഒക്കെയുള്ള കാലം. തറവാട്ട്‌ വീട്ടില്‍ വൈകുന്നേരമായാല്‍ അമ്മച്ചി പറയുന്നത് കേള്‍ക്കാം "പിള്ളേരെ  കുരിശു വരയ്ക്കാന്‍ വാ, കുരിശു വരയ്ക്കാന്‍ വായോ " എന്ന്. ഇത് കേള്‍ക്കേണ്ട താമസം ആകാശതിന്ടെയും നക്ഷത്രങ്ങളുടെയും ഭംഗി ആസ്വദിക്കാന്‍ എന്റെ മൂത്ത ചേട്ടന്‍ ഗോവണി കയറി വീടിന്റെ മേലില്‍ കയറി കിടക്കും. വല്ലപോഴുമെങ്ങനും മൂത്ത ചേട്ടന്‍ സഹായിച്ചാല്‍ എന്നെയും കയറ്റും. കാപ്പികുരുവും കുരുമുളകും ഒക്കെ നിരത്തിയിട്ടിരിക്കുന്ന സിമെന്റ് തറയില്‍ കുരിശു വര സമയം കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ്. പക്ഷെ ഈ സംഭവം ആണ്ടില്‍ ഒരിക്കലോ മറ്റോ നടന്നെങ്കിലായി. അല്ലാത്ത ദിവസങ്ങളില്‍ മിക്കവാറും അമ്മച്ചി എന്നെയാവും കൊന്ത പുസ്തകം ഏല്‍പ്പിക്കുന്നത്. അങ്ങനെ മുട്ടേല്‍ കുത്തി നിന്ന് എല്ലാ ജപങ്ങളും നിറുത്തി നിറുത്തി ചൊല്ലിയിരുന്ന ഒരു കാലം. കൂടെ ചൊല്ലാന്‍ സെലിയണ്ടിയും ജിജിആണ്ടിയും കാണും. ഇളയ അനിയന്‍ എന്നാ പരിഗണന ഉള്ള കാരണം പീറ്റര്‍ കാന്‍ മാത്രം കുരിശു വര എന്ന് കേള്‍ക്കുമ്പോഴേ  ചെരിയും. എന്റെ പ്രാര്‍ത്ഥനയുടെ തീവ്രത കാരണമാണോ അമ്മച്ചിക്ക് എന്നെ കന്യാസ്ത്രീ ആക്കണമെന്ന് ആഗ്രഹം തോന്നിയത് എന്ന് അറിയില്ല.എന്താണേലും എനിക്കും വിരോധം ഇല്ലായിരുന്നു.അങ്ങനെ  ഇരിക്കുമ്പോഴാണ് എന്നെ മൂന്നാം  ക്ലാസ്സില്‍ തേക്കടിയില്ലുള്ള കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ത്തത്. അവിടുന്നങ്ങ് കോണ്‍വെന്റ് ജീവിതങ്ങളുടെ  ബഹളം  ആരുന്നു. ഇപ്പഴും നല്ല പോലെ ഓര്‍ക്കുന്നു  ബോര്ടിങ്ങിലെ 5 .3o പ്രാര്‍ത്ഥന. ചാപ്പെലിന്റെ ഒരു വശത്ത് നിക്കുന്ന കുട്ടികള്‍ "ഹെയില്‍ മേരി" ചൊല്ലുമ്പോള്‍ ഞാനും എന്റെ കൂട്ടുകാരായ മഞ്ജുവും ജൂലിയും ഒക്കെ "ഹോളി മേരി" ചൊല്ലും. അതിനു ഒരു പ്രാര്‍ത്ഥനയെക്കാള്‍ ഓട്ടം തുള്ളലിന്റെ രീതി ആയിരുന്നു. വേഗം ചൊല്ലി തീര്‍ത്താല്‍ വേഗം പോകാം. അങ്ങനെ ഞാനും എന്റെ കൂടെയുള്ള "ഹോളി മേരി" കൂട്ടുകാരും ചൊല്ലും "ഹോളി മേരി മരഗോ പ്രേ ഫോ സ്നാസ്നാ ദോഫോടതാമെന്‍ ". അങ്ങനെ ഒരു എട്ടു പത്തു വര്‍ഷം കോണ്‍വെന്റില്‍ ജീവിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് ദൈവ വിളി കിട്ടിയിട്ടില്ല എന്ന്.

അപ്പം പറഞ്ഞു വന്നത് അതൊന്നുമല്ല ... നമ്മടെ പള്ളീല്‍ പോക്ക്. ആകെയുള്ള 24 മണിക്കൂറില്‍ മിച്ചം വച്ച സമയം മുഴുവന്‍ "കുടുമ്പത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷികാനും തിരുസഭയെ മകുടം ചൂടിക്കാനും" പ്രാര്‍ത്ഥിച്ച അമ്മച്ചി ഒരു വശത്ത് . മറുവശത്ത് മകുടം ചൂടിയ കൂട്ടുരന്‍ പുണ്യാളനും ചൂയിംഗ് ഗമും ഒസ്തിയും ഒരുമിച്ചു ചവച്ചിറക്കുന്ന സത്യാക്രിസ്ത്യാനികളും'.

അല്ല എനിക്ക് ഒരു സംശയം. ഈ പള്ളികളില്‍ തന്നെയാണോ ദൈവം തമ്പുരാന്‍ ഉള്ളത്? അഥവാ   ഉണ്ടേല്‍ തന്നെ ഈ നടക്കുന്നതൊക്കെ കണ്ടിട്ടും പുള്ളിക്ക്  എന്താ ഒരു അനക്കോം ഇല്ലാത്തെ? ആവോ? എന്താണേലും ഒരു കാര്യം അറിയാം. ആവുന്ന കാലത്ത് വല്ല നല്ല കാര്യോം ചെയ്താല്‍ അവസാനം ന്യായവിധി വരുമ്പം ശിക്ഷയില്‍ നിന്ന് ഇളവേലും കിട്ടുമാരിക്കും.