Feeds RSS
Feeds RSS

Sunday, July 18, 2010

കാത്തിരുപ്പും തനിയാവര്‍ത്തനവും

 എന്നും ഞാന്‍ കാത്തിരുന്നു.
ചെറുപ്പക്കാലത്ത് ഒന്ന് വലുതാകാന്‍ കാത്തിരുന്നു. വലുതായപ്പോള്‍ ചെറുതായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.
ചെറുതായിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു വലിയവര്‍ക്കെന്തു സുഖം. ഒന്ന് അറിയേണ്ട. ആരും പറയുന്നത് അനുസരിക്കേം വേണ്ട. വലുതായപ്പോള്‍ എനിക്ക് തോന്നി ചെറുതായിരുന്നെങ്കില്‍  എന്ത് നന്നായിരുന്നു. ഇച്ചിരി അടീം വഴക്കും കിട്ടിയാലും കുറച്ചു അടിയും പിടിയും ഉണ്ടാക്കിയാലും ഒടുക്കം നല്ലത് ചെറുപ്പക്കാലം തന്നെ. ഒന്നും അറിയേണ്ടല്ലോ.

അവധികാലത്ത് സ്കൂള്‍ തുറക്കാന്‍ കാത്തിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ ഒന്ന് അവധി ആകാന്‍ കാത്തിരുന്നു. അവധികാലത്തെ കഥകള്‍ ഒക്കെ കൂട്ടുകാരെ അറിയിച്ചു, പുതിയ യൂനിഫോര്മിന്റെ മണവും ഒട്ടിപ്പോ സ്ടിക്കറിന്റെ പുതുമയും മാറിയപ്പോള്‍ ഹരം പിന്നെയും അവധിക്കാലത്തോടായിരുന്നു

നാടും ഊരും വിട്ട് ഒരു പ്രവാസ ജീവിതം. 
ചുറ്റും പച്ചപ്പാണ്. ഒന്നിനും  ഒരു കുറവുമില്ല.  ആഖോഷങ്ങള്‍ക്ക് ആഘോഷം.  എങ്ങു നോക്കിയാലും നല്ല പളപളപ്പ്.    
റോഡിലോട്ടു നോക്കിയാല്‍ ഒരു ഒച്ചയുമില്ലാതെ ഒഴുകി നീങ്ങുന്ന നൂറായിരം വണ്ടികള്‍. ഇത് പോലെ ഒരു വണ്ടി എന്നത് സ്വപ്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ എനിക്കറിയാവുന്നതും ഞാന്‍ സഞ്ചരിചിരുന്നതും ഒരേ വാഹനത്തില്‍. ബോര്‍ഡിംഗ് ജീവിതത്തിനു മുന്‍പ് സ്കൂളില്‍ പോയിരുന്നതും അതെ വാഹനത്തില്‍. "ബസ്‌" ആയിരുന്നു ഞങ്ങളുടെ ആ  വാഹനം. രണ്ടാം ക്ലാസ്സ്‌ വരെയുള്ള യാത്ര ഒരു സംഭവം ആയിരുന്നു. മിക്കവാറും പോക്ക് എന്റെ അച്ചാച്ചയുടെയും (ചേട്ടന്‍) കോളേജില്‍ പഠിക്കുന്ന  സെലിആന്റിയുടെയും കൂടെയായിരിക്കും. എന്നും വരുന്ന "മോര്‍ണിംഗ് സ്റ്റാര്‍" ഉം "ടിന്റു" വും ആയിരുന്നു ഞങ്ങള്‍ടെ യാത്ര സുഗമം ആക്കിയിരുന്നത്. വണ്ടിയുടെ ഹോര്ന്‍ അടി കേട്ടാലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആകൂ . ഓട്ടത്തിന് സ്പീഡ് പോരാത്തതിനാല്‍ ഒരു കൈയില്‍ അച്ചച്ചയും മറു കൈയില്‍ സെലിയാന്റിയും പിന്നെ ഏതോ കൈയില്‍ എന്റെ അലൂമിനിയം സ്കൂള്‍ പെട്ടിയും. (അത് ഏതു കയില്‍ എന്ന് ചോദിക്കരുത്‌.).  ആ ഓട്ടത്തില്‍ പലപ്പോഴും എന്റെ കാല്‍ നിലത്തു തോടാരുണ്ടയിരുന്നില്ല. .ഒരു എലിക്കു പോലും കയറാന്‍ സ്ഥലമില്ലാത്ത ആ ബസില്‍ "ഫുട് ബോള്‍" കളിയ്ക്കാന്‍ ഇടമുണ്ട് എന്ന് എന്നും കള്ളം പറഞ്ഞിരുന്നു ആ  "കിളി ചേട്ടന്‍" . എന്നേക്കാള്‍ വളരെ പൊക്കമുള്ള ആളുകളുടെ ഇടയില്‍ അങ്ങനെ ഒരിത്തിരി ശ്വാസം കിട്ടാന്‍ ഇടയ്ക്കിടയ്ക്ക് സീറ്റിന്റെ അരികിലുള്ള സൈടിലേക്കു തലയിടും. സ്കൂളില്‍ എത്തുമ്പോള്‍ ഒരു പരുവം ആയിട്ടുണ്ടാവും.  തിരിച്ചുള്ള യാത്രയും ഇതൊക്കെ തന്നെ. എന്തോ മൂന്നാം ക്ലാസ്സില്‍ എന്നെ സ്കൂള്‍ മാറിയത് ഈ യാത്ര സംഭവം ഓര്‍ത്താല്‍ നന്നായി എന്ന് തോന്നും. പിന്നെ ഓരോ കല്യാണങ്ങള്‍ക്ക് പോകുമ്പോഴേ കാര്‍ കാണാറുള്ളു. അന്നത്തെ അംബാസ്സടര്‍ കാര്‍ ഉള്ളവര്‍  ആയിരുന്നു എനിക്കറിയാവുന്ന "കാശുകാര്‍" . ഇന്ന് കാലം മാറിയപ്പോള്‍ കാക്കത്തൊള്ളായിരം കാറുകളില്‍ ഒന്നില്‍ ഏതോ കമാന്‍ഡ് ഫീഡ് ചെയ്ത കമ്പ്യൂട്ടര്‍ പോലെ നിര്‍വികാരയായി നീങ്ങുന്നു ഞാന്‍‍. ‍

ഇവിടെ എല്ലാവര്ക്കും പുഞ്ചിരിക്കുന്ന മുഖം ആണ്. ആദ്യമായി കണ്ടവര്‍ ആണെങ്കിലും "ഹൌ ആര്‍ യു?" എന്ന് ചോദിക്കുന്നു. പിന്നെ പിന്നെ ഈ തേച്ചു പിടിപ്പിച്ച പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ ഒരു തരം യാന്ത്രികത അനുഭവപ്പെട്ടു. വീഴുമ്പോള്‍ "അയ്യോ" എന്ന് കരയുന്ന പോലെ, തുമ്മുമ്പോള്‍ "ഈശോ" അല്ലേല്‍ "ബ്ലെസ് യു" എന്ന് അറിയാതെ പറയുന്ന പോലെ നിര്‍വികാരമായ ഒരു ഭാവം ആണ് ഈ കുശലാന്വേഷണങ്ങളും എന്ന് മനസ്സിലായി. അത് മനസ്സിലായപ്പോഴേക്കും അറിയാതെ ഞാനും അപരിചിത മുഖങ്ങളോട്  പറഞ്ഞു തുടങ്ങിയിരുന്നു "ഹൌ ആര്‍ യു?" എന്ന്.
 കുറെയേറെ ബന്ധുക്കള്‍ ഉള്ള നാട്ടില്‍ ഓരോ ഒത്തു കൂടലും ആഖോഷങ്ങള്‍ ആയിരുന്നു. ഓരോ ആന്റിമാരുടെയും അങ്കിള്‍ മാരുടെയും വീട്ടിലത്തെ എന്റെ ജീവിതത്തില്‍ എല്ലാം ഓര്‍മ്മിക്കാന്‍ നല്ല ഓര്‍മ്മകള്‍ മാത്രം.  സഹോദരങ്ങള്‍ തമ്മില്‍ ഉള്ള സ്നേഹം... അതിനു കാരിരുമ്പിനെക്കള്‍ ശക്തിയും മുല്ലപൂവിന്റെ ഉഷ്മളതയും ഉണ്ടായിരുന്നു.  അതിലൊന്നും ഒരു ചിരിക്കുന്ന  "ഹൌ ആര്‍ യു? വിന്റെ മുഖം മൂടി ഉണ്ടായിരുന്നില്ല.

എവിടെയും ഞാന്‍ കാത്തിരിക്കുന്നു. ഒരു തിരിച്ചു പോക്കിനായി.
ഇപ്പോള്‍ നാട് ആകെ മാറിയിരിക്കുന്നു. കാറുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല. പരിഷ്കാരങ്ങള്‍ വന്നെങ്കിലും നാടിന്റെ പച്ചയായ മനുഷന്റെ മണം ഇപ്പോഴും നാട്ടില്‍ ഉണ്ട് എന്ന തോന്നല്‍...  ബന്ധങ്ങള്‍ക്ക് കാലപഴക്കം കൊണ്ട് ഇഴയകലം വന്നിലെന്ന വിശ്വാസം. എന്നില്‍ ഇനിയും "ഞാന്‍" മിച്ചമുന്ടെന്ന തോന്നല്‍..

എന്നിലെ ജീവനെ ഈ യാന്ത്രികത അപഹരിചില്ലെങ്കില്‍ എനിക്കും ജീവിക്കണം. 
പച്ചമണ്ണിനെ മണവും ജൂണിലെ മഴയും വേനലവധി കാലത്തേ മാമ്പഴവും എനിക്ക് ഇനിയും ആസ്വദിക്കണം.
അതിനായി ഒരു കാത്തിരിപ്പാണിപ്പോള്‍.
ഇതിനൊരു തനിയാവര്‍ത്തനം ഉണ്ടാകാതിരിക്കട്ടെ.

Saturday, July 10, 2010

അനുസരണ

പറഞ്ഞാല്‍ പറഞ്ഞത് പോലെ അനുസരിക്കുന്ന മക്കള്‍ ഉണ്ടെങ്കില്‍ ഇതു അപ്പനും അമ്മയ്ക്കും സന്തോഷമാകും. (അല്ലേല്‍ അങ്ങനെ ഒരു തെറ്റിധാരണ നമ്മുടെ ഇടയില്‍ ഉണ്ട്). ജാതിയും മതവും ഒന്നും മനുഷ്യസ്നേഹത്തിനു തടസ്സമാകരുത് എന്ന് കരുതി ഏതോ അറിവുള്ളവന്‍ പറഞ്ഞത് അനുസരണയോടെ കേട്ട് വീട്ടില്‍ വന്നു പ്രായോഗികമാക്കിയ കഥ കേട്ടിട്ടുണ്ട്. എങ്ങനെ? പുള്ളിക്കാരന്‍ അപ്പന്‍ വെള്ളോം ചാണകോം സ്നേഹോം ആവശ്യതിലുമാധികം ഒഴിച്ച് വളര്‍ത്തിയ "ജാതി മരം" വെട്ടിയാണ് എന്ന് മാത്രം. ഇത് പറയാന്‍ കാരണം സാബു എന്നോട് പറഞ്ഞ ഒരു സംഭവം ആണ്. സ്ഥലം തെക്കേമല. കൃത്യമായി പറഞ്ഞാല്‍ അവിടുള്ള ഏക സ്കൂളിലെ ഒരു ക്ലാസ്സു മുറി. അവിടെ സാബുവും അത് പോലത്തെ മറ്റു കുറച്ചു താന്തോന്നികളായ കുട്ടികളും. അവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ആ നാട്ടുകാര്‍ തന്നെ.സാബുവിന്റെ മൂത്ത ചേട്ടന്‍ അവിടുത്തെ ഒരു "മാഷ്‌" ആണ്. ആ ഒരു ബുദ്ധിമുട്ട് സാബുവിന് നന്നായി ഉണ്ടായിരുന്നു. അത് കൊണ്ടാവണം മാഷ് താമസിയാതെ ജോലി വിട്ടത്. എന്തായാലും കൂട്ടത്തില്‍ ഉള്ള ഒരു സഹപാടി ഇത് പോലെ അനുസരണ ഉള്ളവന്‍ ആയിരുന്നു. എന്തോ തല്ലുകൊള്ളിത്തരം കാണിച്ചപ്പോള്‍ ടീച്ചര്‍ക്ക്‌ ക്ഷമിക്കാനായില്ല. അരുമ ശിഷ്യനോട് പറഞ്ഞു അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന്. ടീച്ചര്‍ പറഞ്ഞത് അപ്പടി കേട്ടു അവന്‍. ഒട്ടും സമയം കളയാതെ അയല്‍വക്കത്തുള്ള ടീച്ചറുടെ വീട്ടില്‍ ചെന്ന്. അവിടെ പറമ്പില്‍ തിരക്കിട്ട് പണിയുന്ന ടീച്ചറുടെ അപ്പനോട് ശിഷ്യന്‍ പറഞ്ഞു. "ടീച്ചര്‍ പറഞ്ഞു വേഗം സ്കൂളിലേക്ക് ചെല്ലാന്‍". കേട്ടത് പാതി കേള്‍ക്കാത്തത് പാതി പാവം ആ മന്‍ഷ്യന്‍ ഉടുതുണി മാറാന്‍ പോലും നില്‍ക്കാതെ ഓടി കിതച്ചു സ്കൂളില്‍ എത്തി. എന്തോ അപായം സംഭവിച്ചതാണോ എന്ന് അപ്പന്‍ ഭയന്നു. ചെല്ലുമ്പം ദേണ്ടെ നമ്മുടെ മകന്‍-ടീച്ചര്‍ ചുളിവു പറ്റാത്ത കുപ്പായവുമിട്ട് നില്‍ക്കുന്നു. സാഹചര്യോം സമയോം നോക്കാതെ അപ്പന്‍ മകന് നല്ലത് പറഞ്ഞു.
ബാക്കി ശിഷ്യന് എന്ത് സംഭവിച്ചു എന്നത് ചോദ്യം!!!

അനുസരണയാണോ അനുസരണകേടാണോ കൂടുതല്‍ വിന എന്ന് ഇപ്പഴും എനിക്കറിയില്ല.